logo
AD
AD

റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു

പാലക്കാട് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. പാലക്കാട് നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഐ.ഐ.ടിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക ടീം യോഗത്തില്‍ രൂപീകരിച്ചു. സ്കൂൾ മേഖലകളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലെ 14 സ്കൂൾ മേഖലകൾക്കായി സമർപ്പിച്ച പ്രൊപ്പോസലുകൾ ആർടിഒ എൻഫോഴ്സ്മെന്റ്റ് പാലക്കാട്, ആർടിഒ പാലക്കാട് എന്നിവർ സംയുക്തമായി പരിശോധിച്ചു.

സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും (കെ.ആര്‍.എസ്.എ) ഫണ്ട് അനുവദിക്കുന്നതിനായി നിർദ്ദിഷ്ട ഫോർമാറ്റിലും മാർഗനിർദേശങ്ങൾക്കും അനുസൃതമായും പുതുക്കിയ പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ബന്ധപ്പെട്ട റോഡുകളുടെ ചുമതലയുള്ള പി.ഡബ്ല്യു.ഡി. നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേര്‍ന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ മുജീബ്, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്) കെ.ബി രഘു, ഐഐടി അസോസിയേറ്റ് പ്രൊഫസർ ബി.കെ ഭവത്രതൻ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

latest News