പരുതൂർ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി ഫെബ്രുവരിയിൽ പൂർത്തിയാകും
പരുതൂർ ഗ്രാമപഞ്ചായത്തിലെ ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി ജലജീവൻ മിഷൻ, വാട്ടർ അതോറിറ്റി എഞ്ചിനീയർമാരുടെ യോഗം പഞ്ചായത്ത് ഓഫീസിൽ ചേർന്നു. പദ്ധതിയുടെ നിലവിലെ പുരോഗതി അധികൃതർ യോഗത്തിൽ വിലയിരുത്തി. പഞ്ചായത്തിലെ 18 വാർഡുകളിലായി ഇതുവരെ 134.4 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയായിട്ടുണ്ട്. ആകെ ലക്ഷ്യമിട്ട 4942 കുടിവെള്ള കണക്ഷനുകളിൽ 3741 എണ്ണം ഇതിനകം നൽകിക്കഴിഞ്ഞു. ഇതിൽ 1241 കണക്ഷനുകളിൽ ജലവിതരണം ആരംഭിക്കുകയും ബില്ലിംഗ് നടപടികൾ തുടങ്ങുകയും ചെയ്തു. പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികൾ ഫെബ്രുവരി മാസത്തോടെ പൂർത്തിയാക്കി ഭൂരിഭാഗം സ്ഥലങ്ങളിലും ജലലഭ്യത ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ചില വാർഡുകളിൽ പൈപ്പ് ലൈൻ എത്താത്ത മേഖലകളിലേക്ക് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചിട്ടുണ്ട്. കൂടാതെ, പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണി നടത്താനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഗ്രാമപഞ്ചായത്ത്, ഉപഭോക്താക്കൾ എന്നിവരുടെ ഓഹരികൾ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. നിഷ, വൈസ് പ്രസിഡന്റ് കെ.സി. അലി ഇക്ബാൽ, വാട്ടർ സപ്ലൈ പ്രോജക്ട് ഡിവിഷൻ (പാലക്കാട്) അസി. എക്‌സി. എഞ്ചിനീയർ ആർ. ശ്യാം ലാൽ, എ.ഇ ഷബീർ അലി, ഓവർസിയർ അബ്ദുൾ റാഷി, ജൽ ജീവൻ മിഷൻ വളന്റിയർ രഞ്ജിത്, കോയ & കമ്പനി സൂപ്പർ വൈസർ റിസ്‌വാൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. പി. മുഹമ്മദാലി, വാർഡ് മെമ്പർമാരായ ഷൈജു, ശിവപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി സാബു, പഞ്ചായത്ത് എഞ്ചിനീയർ, വാട്ടർ അതോറിറ്റി പട്ടാമ്പി സെക്ഷൻ ഓവർസിയർ ഐശ്വര്യ, മെയിന്റനൻസ് കോൺട്രാക്റ്റർ സുമേഷ് എന്നിവർ പങ്കെടുത്തു.
