logo
AD
AD

തിരഞ്ഞെടുപ്പുചൂടിൽ സഭയുടെ കൊട്ടിക്കലാശം; നിയമസഭാസമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പുചൂടിലേക്കു കടക്കുമ്പോൾ സഭയുടെ ബജറ്റ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. 32 ദിവസം സഭ ചേരാനാണ് തീരുമാനം. ഈ സർക്കാരിന്റെ 16-ാമത്തെയും അവസാനത്തെയും സമ്മേളനമാണിത്. ⁣ ⁣ 2026-27-ലെ ബജറ്റ് അവതരിപ്പിച്ചു പാസാക്കുകയാണ് മുഖ്യ അജൻഡ. 29-നാണ് ബജറ്റ്. ചൊവ്വാഴ്ച നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനമാണിത്. സർക്കാരിനോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ആർലേക്കറെക്കൊണ്ട് എത്രത്തോളം കേന്ദ്രവിരുദ്ധത പ്രസംഗിപ്പിക്കാനാവുമെന്നതാണ് സർക്കാർ സമ്മേളനത്തിൽ നേരിടാൻപോകുന്ന ആദ്യ പരീക്ഷണം.⁣ ⁣ തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയവുമായി എത്തുന്ന യുഡിഎഫിന് വീര്യം കൂടും. തദ്ദേശത്തിലെ പരാജയവും പിന്നാലെ, രണ്ട് മുൻ സിപിഎം എംഎൽഎമാർ കോൺഗ്രസിലും ബിജെപിയിലും ചേക്കേറിയതും ഭരണമുന്നണിക്ക് ക്ഷീണമാണ്. എൽഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സ്ഥാപിക്കാനാവും പ്രതിപക്ഷശ്രമം. യുഡിഎഫിന്റെ ജമാ അത്തെ ഇസ്‌ലാമി ബന്ധം ഭരണപക്ഷവും ആയുധമാക്കും.⁣ ⁣ ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ പോറ്റിയെ ശബരിമലയിൽ കയറ്റിയതിലെ കോൺഗ്രസ് ബന്ധം എൽഡിഎഫും ചികയും. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തേ കൈയൊഴിഞ്ഞെങ്കിലും സഭയിൽനിന്ന് പുറത്താക്കുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫ് എന്തുസമീപനം സ്വീകരിക്കുമെന്നത് നിർണായകമാണ്.⁣ ⁣ ഭരണകാലാവധി അവസാനിക്കുന്നതിനാൽ ബജറ്റ് അവതരിപ്പിച്ചശേഷം നാലുമാസത്തേക്കുള്ള ചെലവിന് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചാൽ മതിയെന്നിരിക്കേ, ബജറ്റ് പൂർണമായി പാസാക്കാനാണ് സർക്കാർ ശ്രമം. മാർച്ച് 28 വരെ 32 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി കഴിഞ്ഞാൽ ഏതുനിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അങ്ങനെയെങ്കിൽ സമ്മേളനം വെട്ടിച്ചുരുക്കേണ്ടിവരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാഹളമായി മുന്നണികൾ നടത്തുന്ന ജാഥകൾക്കായി സമ്മേളനത്തിന് ദീർഘമായ ഇടവേളയും തീരുമാനിച്ചിട്ടുണ്ട്.

Latest News

latest News