logo
AD
AD

ധീര പദ്ധതി: മൂന്നാം ഘട്ടത്തിന് തുടക്കമായി

വനിതാ ശിശു വികസന വകുപ്പ്-സ്റ്റേറ്റ് നിര്‍ഭയ സെല്‍ നടപ്പിലാക്കുന്ന ധീര പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി ഹൈസ്‌കൂളില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ജയശ്രീ നിര്‍വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ പി. ഫവാസ് അധ്യക്ഷത വഹിച്ചു.⁣ ⁣ പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവരെ കായികമായും മാനസികമായും തയ്യാറാക്കുക, തങ്ങള്‍ക്കു നേരെയുണ്ടായേക്കാവുന്ന അതിക്രമങ്ങളെ കുറിച്ചും അതിക്രമങ്ങളില്‍ നിന്ന് സ്വയരക്ഷ നേടേണ്ട മാര്‍ഗങ്ങളെക്കുറിച്ചും പെണ്‍കുട്ടികളെ ബോധവതികളാക്കുക, അതിക്രമങ്ങളെ ഭയരഹിതമായി ചെറുക്കുന്നതിലേക്ക് സ്വയം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, അവരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.⁣ ⁣ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ധീര പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. പോലീസ് വകുപ്പിന്റെ സെല്‍ഫ് ഡിഫെന്‍സ് ട്രൈനെര്‍മാര്‍ മുഖേനെയാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ജില്ലയില്‍ അര്‍ബന്‍, തീരദേശം, ആദിവാസി, മറ്റ് ദുര്‍ബലമായ മേഖലകളിലെ അഞ്ച് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സ്‌കൂളിലും രണ്ട് ദിവസം 25 പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഭാഗമാക്കുക.⁣ ⁣ പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ 25 പെണ്‍കുട്ടികള്‍ക്കാണ് കേരള പോലീസിന്റെ ജില്ലയിലെ സെല്‍ഫ് ഡിഫന്‍സ് ട്രെയിനര്‍മാരായ മലപ്പുറം എ.എസ്‌.ഐ വി.ജെ. സോണിയ മേബിള്‍, വനിതാ പോലീസ് സ്റ്റേഷന്‍ എസ് സിപിഓ കെ.സി. സിനിമോള്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.⁣ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ. മുഹമ്മദ് സാലിഹ്, സോഷ്യല്‍ വര്‍ക്കര്‍മാരായ പി. സുരാഗ്, മുനീറ, ഔട്രീച് വര്‍ക്കര്‍ നാഫിയ ഫര്‍സാന, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ റിസ്വാന തെസ്‌നി, അര്‍ബന്‍ ശിശു വികസന പദ്ധതി ഓഫീസര്‍ പ്രമീള, സ്‌കൂളിലെ അധ്യാപകന്‍ ആബിദ് അലി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

latest News