അൻപോടെ തൃത്താല: കണ്ണടകൾ വിതരണം ചെയ്തു
മന്ത്രി എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി കണ്ണടകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.
അൻപോടെ തൃത്താലയുടെ ഭാഗമായി മണ്ഡലത്തിൽ നടത്തിയ മെഗാ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പിൻ്റെ തുടർ ചികിത്സയുടെ ഭാഗമായാണ് കണ്ണടകൾ വിതരണം നടത്തിയത്. 300 കണ്ണടകളാണ് വിതരണം ചെയ്തത്. രണ്ട് ഘട്ടങ്ങളായി നടന്ന കണ്ണട വിതരണത്തിലൂടെ നാനൂറ്റി അമ്പതോളം പേർക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കാനായി. 14 പേർക്ക് തിമിര ശസ്ത്രക്രിയയും നടത്തി.
പരുതൂരിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. നിഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ശങ്കരൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുവർണ്ണ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സി അലി ഇഖ്ബാൽ, അൻപോടെ തൃത്താല കോർഡിനേറ്റർ ഡോ. ഇ സുഷമ, അൻപോടെ തൃത്താല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
