‘സുസ്ഥിര തൃത്താല’യെ പഠിച്ച് ഝാർഖണ്ഡ് സംഘം
കൂറ്റനാട്: മാതൃകാപരമായ സുസ്ഥിര തൃത്താല പദ്ധതിയെക്കുറിച്ച് പഠനം നടത്താൻ ഝാർഖണ്ഡ് സംഘമെത്തി. ഐഎഎസ് ഉദ്യോഗസ്ഥരടങ്ങുന്ന 30 പേരുള്ള ഉന്നത സംഘമാണ് സന്ദർശിച്ചത്. തരിശുഭൂമിയിൽ പച്ചക്കറി കൃഷിചെയ്തും ജൈവകൃഷികളെ പ്രോത്സാഹിപ്പിച്ചും, സുസ്ഥിര വികസനത്തിൽ മാതൃക തീർത്ത തൃത്താല സുസ്ഥിരപദ്ധതി ജാർഖണ്ഡിൽ പ്രാവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാവുമെന്നും ജാർഖണ്ഡ് സംഘം പറഞ്ഞു.
പദ്ധതി ആവിഷ്കരിച്ച മന്ത്രി എം.ബി. രാജേഷിനെ അഭിനന്ദിച്ചു. പദ്ധതി നടത്തിപ്പിനെക്കുറിച്ചും വകുപ്പ് സംയോജനം സംബന്ധിച്ചും സംഘം മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. പാപ്പിക്കുളം, മങ്ങാട്ടുകുളം, വിവിധ കൃഷിയിടങ്ങൾ, കിണർ റീചാർജിങ് പ്രവർത്തനങ്ങൾ എന്നിവ സംഘം സന്ദർശിച്ചു.
കിലയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. ടി.വി. നിഷ, കെ.പി. വിബിലേഷ്, സുസ്ഥിര തൃത്താല പദ്ധതി കോഡിനേറ്റർ പി. സെയ്തലവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവർക്കൊപ്പം തൃത്താലയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.
