പെരിന്തൽമണ്ണയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണയിൽ നടത്തിയ രാത്രികാല പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. വിൽപ്പനയ്ക്കായി എത്തിച്ച 7.72 ഗ്രാം എം.ഡി.എം.എയുമായി അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി താങ്കേതിൽ ആഷിഫ് (32) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പെരിന്തൽമണ്ണ ബൈപാസിൽ വെച്ച് പെരിന്തൽമണ്ണ പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത പണമിടപാടുകളും ലഹരിക്കടത്തും തടയുന്നതിനായി പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ഇതിനിടെ ബൈപാസിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാറിൽ കണ്ട യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നിരോധിത സിന്തറ്റിക് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതിയായ ആഷിഫ് ഇതിനുമുമ്പും ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2025-ൽ പെരിന്തൽമണ്ണ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസിൽ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് ഇയാൾ.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.ബി. ലത്തീഫ്, ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീഹരിയും ഡാൻസാഫ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹരീഷിന്റെ സാന്നിധ്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും ലഹരിക്കടത്ത് തടയാൻ കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
