നിയമസഭാ തെരഞ്ഞെടുപ്പ്: ആയുധങ്ങള്‍ കൈവശം വെക്കുന്നതിന് നിരോധനം
മലപ്പുറം: നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ആയുധങ്ങള്‍ കൈവശം വെക്കുന്നതിനും കൊണ്ടുനടക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി മലപ്പുറം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവായി. തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിനും സമാധാനം നിലനിര്‍ത്തുന്നതിനുമായി ബി.എന്‍.എസ്.എസ്. സെക്ഷന്‍ 163 പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് തോക്കുകള്‍, കുന്തം, വാള്‍, ലാത്തികള്‍ തുടങ്ങി സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന ആയുധങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കൊണ്ടുനടക്കുന്നതിന് തെരഞ്ഞടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സുള്ള ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് ജില്ലാ സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധന നടത്തുകയും ക്രമസമാധാന പാലനത്തിന് അത്യാവശ്യമെന്ന് കണ്ടാല്‍ അവ പിടിച്ചെടുക്കുകയും ചെയ്യും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.
ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ എന്നിവര്‍ക്ക് നിബന്ധനകളോടെ ഇളവ് അനുവദിക്കും. ഇവര്‍ വ്യക്തിഗത ഇളവ് ഉത്തരവ് വാങ്ങിയിരിക്കണം. കൂടാതെ, ആചാരപരമായ കാര്യങ്ങള്‍ക്കായി ആയുധങ്ങള്‍ ഉപയോഗിക്കുന്ന സമുദായങ്ങള്‍ക്കും ഇളവുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.
