logo
AD
AD

കോട്ടക്കുന്നിൽ 'സ്വീപ്' പ്രചാരണം; വോട്ടർമാരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ വിപുലമായ പരിപാടികൾ

മലപ്പുറം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്വീപ്' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായ ചടങ്ങ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടിനുമുള്ള പ്രാധാന്യത്തെക്കുറിച്ചും, സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കളക്ടർ ഓർമ്മിപ്പിച്ചു.⁣ ⁣ തിരഞ്ഞെടുപ്പ് നിരീക്ഷകരായ വിശേഷ് സാരംഗല, എം.ബി രാജേഷ് ഗൗഡ, ശക്തി സിങ് , അജിത്ത് ബലാസോ കുംബാര, ഷെവാങ് ഗ്യാച്ചോ ബുട്ടിയ, രാജേന്ദ്രകുമാർ, ചന്ദ്രഗുപ്ത, അനൂപ് കുമാര്‍ വര്‍മ, മഹേന്ദ്ര പ്രതാപ് സിങ് , അനുരാഗ് ശ്രീവാസ്തവ റാവുത്ത് മനീഷ് മഹേന്ദ്ര, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ , എ.ഡി.എം സി. എസ് രാജേഷ്, സബ്കളക്ടർമാരായ സബ്കളക്ടർ ദിലീപ് കെ കൈനിക്കര, സാക്ഷി മോഹൻ എന്നിവർ പങ്കെടുത്തു.⁣ ⁣ ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ പ്രതീകമായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ബലൂൺ ഉയർത്തി. മൗത്ത് ആർട്ടിസ്റ്റ് ജസ്ഫർ കോട്ടക്കുന്ന്, തോരപ്പ മുസ്തഫ എന്നിവർക്കൊപ്പം അതിഥികളും പങ്കാളികളായി. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ആരും മാറ്റിനിർത്തപ്പെടരുതെന്നും ചടങ്ങിൽ പോലീസ് മേധാവി പറഞ്ഞു. സബ്കളക്ടർ ദിലീപ് കെ കൈനിക്കര പ്രതിജ്ഞ ചൊല്ലികൊടുത്തു.⁣ ⁣ കോട്ടക്കുന്നിലെത്തിയ സന്ദർശകരെയും പൊതുജനങ്ങളെയും ആവേശത്തിലാഴ്ത്തിയ നിരവധി മത്സരങ്ങളും പരിപാടികളുമാണ് പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. ഷൂട്ടൗട്ട് മത്സരം, ഒപ്പ് ശേഖരണം, ക്വിസ് മത്സരം എന്നിവ ഒരുക്കിയിരുന്നു. പ്രത്യേകമായി തയ്യാറാക്കിയ ഫോട്ടോ ബൂത്തിൽ ചിത്രം പകർത്തിയും ഒപ്പ് ചാർത്തിയും വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ പുതുക്കിയാണ് സന്ദർശകർ മടങ്ങിയത്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനും വോട്ടർമാരിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിവധ സാംസ്കാരിക പരിപാടികളും കോട്ടക്കുന്നിൽ ഒരുക്കിയിരുന്നു.

Latest News

latest News