logo
AD
AD

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദഘാടനം ചെയ്‌തു. ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളിൽ നിർമ്മിച്ച ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമാണിത്. താനൂർ നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീർ അധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര മുഖ്യാതിഥിയായി.⁣ ⁣ താനൂർ ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിനെ ഏറ്റവും വലിയ അറിവുല്പാദന കേന്ദ്രമാക്കി വളർത്തുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ⁣ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും, ഗവേഷകർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് കേന്ദ്രം പ്രവർത്തിക്കുക. മികച്ച അക്വേറിയവും കടലിനെ അടുത്തറിയാനുള്ള സൗകര്യവും അടിയന്തിര ഘട്ടങ്ങളിൽ കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ബന്ധപ്പെടാനുള്ള സംവിധാനവും ഒരുക്കും.⁣ ⁣ മന്ത്രിയും താനൂർ എം.എൽ.എ യുമായ വി. അബ്ദുറഹിമാൻ്റെ ആസ്‌തിവികസന നിധിയിൽ നിന്നും 2.5 കോടി രൂപ ഉപയോഗിച്ച് നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിൻ്റെ കീഴിൽ വരുന്ന ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ & ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമാണ് ഈ വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠന കേന്ദ്രവും നിർമ്മിച്ചിരിക്കുന്നത്.⁣ ⁣ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറു മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ വാനനിരീക്ഷണ കേന്ദ്രമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 14 ഇഞ്ച് അപർച്ചർ ഉള്ള അത്യാധുനിക വിദേശനിർമ്മിത ടെലിസ്കോപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണം. കൂടാതെ 12 ഇഞ്ച് ടെലസ്കോപ്പും റിഫ്രാക്റ്റീവ് റെസ്കോപ്പും നിരീക്ഷണത്തിനും സമുദ്ര നിരീക്ഷണത്തിനും കൂടി സഹായകരമായ ബൈനോക്കുലറുകളും ഉൾപ്പെടുന്നു. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ സമഗ്ര ശിക്ഷ കേരളയുടെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്ട്രീം ഹബ്ബുകളും ഐ ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്.

Latest News

latest News