logo
AD
AD

മരണവക്കിൽ നിന്ന് യുവാവിനെ രക്ഷിച്ച ധീരത; മുഹമ്മദ് ഹാഷിറിന് ജീവൻ രക്ഷാ പതക് അവാർഡ്

മലപ്പുറം: കുളത്തിൽ മുങ്ങിപ്പോയ 19-കാരനെ സാഹസികമായി രക്ഷപ്പെടുത്തുകയും കൃത്യസമയത്ത് പ്രഥമശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത ചേലേമ്പ്ര ചെലൂപ്പാടം സ്വദേശി എൻ.കെ. മുഹമ്മദ് ഹാഷിറിന് (31) 2024-ലെ ജീവൻ രക്ഷാ പതക് അവാർഡ്. മലപ്പുറം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ അവാർഡ് സമ്മാനിച്ചു.⁣ ⁣ 2023 ജനുവരി 24-നായിരുന്നു അവാർഡിന് ആസ്പദമായ സംഭവം. ചേലേമ്പ്രയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ ഹരിനന്ദ് എന്ന യുവാവ് വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. സമീപത്തെ കടയിൽ നിന്നും വിവരമറിഞ്ഞെത്തിയ നീന്തൽ പരിശീലകൻ കൂടിയായ ഹാഷിർ, ഉടൻ കുളത്തിലേക്ക് ചാടി ഹരിനന്ദിനെ പുറത്തെടുത്തു. പുറത്തെടുക്കുമ്പോൾ പൾസും ശ്വാസവും നിലച്ചിരുന്ന യുവാവിന് ഹാഷിർ ശാസ്ത്രീയമായി സി.പി.ആർ (CPR) നൽകി. അഞ്ചാമത്തെ സൈക്കിളിൽ ശ്വാസം തിരികെ ലഭിച്ച യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഹാഷിറിന്റെ കൃത്യസമയത്തെ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിരുന്നു.⁣ ⁣ രക്ഷപ്പെട്ട ഹരിനന്ദിന്റെ പിതാവ് അഡ്വ. പ്രശാന്ത് ആണ് ഹാഷിറിനെ അവാർഡിനായി നാമനിർദ്ദേശം ചെയ്തത്. അവാർഡ് ദാന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർമാരായ സ്വാതി ചന്ദ്രമോഹൻ, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.⁣ ⁣ അന്താരാഷ്ട്ര നിലവാരമുള്ള ലൈഫ് ഗാർഡ് സർട്ടിഫിക്കറ്റും ഫ്രീ ഡൈവിംഗിൽ നാഷണൽ റെക്കോർഡും ഉള്ള ഹാഷിർ നിലവിൽ 'ഫിൻസ്‌പോർട്സ് ആൻഡ് സ്വിമ്മിങ് അക്കാദമി'യുടെ സ്ഥാപകനും പരിശീലകനുമാണ്. പ്രളയകാലത്തും മറ്റും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.

Latest News

latest News