logo
AD
AD

കനത്ത ചൂട്: സര്‍വ റെക്കോര്‍ഡും ഭേദിച്ച് കേരളത്തിലെ വൈദ്യുതി ഉപയോഗം

തിരുവനന്തപുരം: കനത്ത ചൂടില്‍ സര്‍വ റെക്കോര്‍ഡും ഭേദിച്ച് കേരളത്തിലെ വൈദ്യുതി ഉപയോഗം. ഇന്നലത്തെ മൊത്ത വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും 6013 മെഗാവാട്ടിലെത്തി. ഇടുക്കി, വയനാട് ജില്ലകളൊഴികെ മറ്റ് 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്.

വിയര്‍ത്തൊലിക്കുന്ന ജനം എസിയെ കൂടുതല്‍ ആശ്രയിക്കുകയാണ്. എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്നുള്ള ഇന്‍ഡക്ഷന്‍ അടുപ്പിന്‍റെ ഉപയോഗവും കൂടി. ഇതെല്ലാം വൈദ്യുതി ഉപയോഗം പ്രവചനാതീതമാക്കി. 2024 മെയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് ഉപയോഗം. അതാണ് ഇന്നലെ 116.11 ദശലക്ഷം യൂണിറ്റിലെത്തിയത്. വൈകുന്നേരത്തെ റെക്കോർഡ് വൈദ്യുതി ആവശ്യകത വിഷുവിന്‍റെ തലേ ദിവസത്തെ 6012 മെഗാവാട്ടായിരുന്നു. അത് ഇന്നലെ 6013 മെഗാവാട്ടായി. വൈകുന്നരേത്തെ വൈദ്യുതി ആവശ്യകത 6300 മെഗവാട്ട് വരെ കെഎസ്ഇബിയുടെ സംവിധാനങ്ങള്‍ക്ക് താങ്ങാനാവും. അത് കഴിഞ്ഞാല്‍ പ്രശ്നമാണ്.

വടക്കന്‍ ജില്ലകളില്‍ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉണ്ട്. 20 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണമുള്ള ദിവസങ്ങളുണ്ടായി. എല്ലാം നിയന്ത്രണവിധേയമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ അറിയിച്ചത്. വൈദ്യുതി ഉപയോഗം നോക്കി തീരുമാനമെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തത്. ഉടനടി ഒന്നും ചൂട് കുറയുന്ന ലക്ഷണവുമില്ല. ചൂട്മുന്നറിയിപ്പ് നല്‍കിയ ജില്ലകളില്‍ സാധാരണത്തേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരും.

Latest News

latest News