സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര വീണ്ടും മാറ്റി
മനുഷ്യരെ വഹിച്ചുള്ള നാസയുടെ ബഹിരാകാശ സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ളവരുടെ ബഹിരാകാശ യാത്രയാണ് ഇതോടെ മാറ്റിവൈച്ചത്. ഇത് രണ്ടാം തവണയാണ് സ്റ്റാർലൈനറിന്റെ യാത്ര മാറ്റി വെക്കുന്നത്. പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും മാത്രം ബാക്കി നിൽക്കെയാണ് വിക്ഷേപണം മാറ്റിവെച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞ മെയ് ആറിനായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. അന്നും ലിഫ്റ്റ് ഓഫിന് മണിക്കൂറുകൾക്ക് മുമ്പാണ് സാങ്കേതിക തകരാർ കണ്ടുപിടിച്ച് വിക്ഷേപണം മാറ്റിവെക്കുന്നത്. സുനിത വില്യംസിനൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുൻ യു.എസ് നേവി കാപ്റ്റൻ ബാരി ബച്ച് വിൽമോറാണ് ബഹിരാകാശ യാത്ര നടത്തുന്നത്. ഇരുവരും സുരക്ഷിതരാണ്.
സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് ഇത്. 2006 ഡിസംബർ ഒമ്പതിനാണ് സുനിത തന്റെ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തിയത്. ഡിസ്‌കവറി എന്ന ബഹിരാകാശ പേടകത്തിലാണ് ആദ്യ യാത്ര.2012 ൽ രണ്ടാമത്തെ യാത്രയും പൂർത്തിയാക്കി. 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിത കൂടിയാണ് സുനിത വില്യംസ്.