പോക്സോ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ
ബാലികയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി കൊഴിഞ്ഞാമ്പാറ സ്വദേശി കൃഷ്ണൻ എന്നയാൾക്ക് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു വിവിധ വകുപ്പുകൾ പ്രകാരം മൂന്നു വർഷവും ഒരു മാസം വെറും തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം മൂന്നു മാസം വെറും തടവ് അനുഭവിക്കണം.
പ്രതി അതിജീവിതയെ പ്രതിയുടെ വീട്ടിൽ വച്ചും അതിജീവിതയുടെ വീട്ടിൽ വെച്ചും ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർമാരായ എം ശശിധരൻ, ജയപ്രസാദ് ബി എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ ശിവകുമാർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. ലൈസൻ ഓഫീസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴ തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധന സഹായത്തിനും വിധിയായി.