വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്കൂട്ടർ അപകടം; യുവതിക്കും മൂന്ന് വയസ്സുകാരനും ദാരുണാന്ത്യം
നിലമ്പൂർ (മലപ്പുറം)∙ വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്കൂട്ടർ അപകടത്തിൽപ്പെട്ട് കുട്ടിയുൾപ്പെടെ ഒരു കുടുബത്തിലെ രണ്ടു പേര് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രൺഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയിൽ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ ധ്യാൻ ദേവ് (3) എന്നിവരാണ് മരിച്ചത്. ഷിനോജ് (40), മകൻ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകൾ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10:30 നാണ് സംഭവം.
എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മലയിൽ ആമസോൺ വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്പോൾ മമ്പാട് ഓടായിക്കൽനിന്ന് എട്ട് കിലോമീറ്റർ അകലെ തണ്ണികുഴി ഇറക്കത്തിൽ വച്ചാണ് അപകടം നടന്നത്. എല്ലാവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാൻ ദേവിന്റെയും ജീവൻ രക്ഷിക്കാനായില്ല.