logo
AD
AD

തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വേനൽച്ചൂടും; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ജീവനക്കാരും ആരോഗ്യപരമായ മുൻകരുതലുകൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി നിർദ്ദേശിച്ചു. ദീർഘനേരം വെയിലത്ത് ജോലി ചെയ്യുന്നത് സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് പ്രതിരോധിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം, ഒ.ആർ.എസ്, നാരങ്ങാവെള്ളം എന്നിവ കുടിക്കണം.

ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുകയും അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ഇടവേളകളിൽ തണലത്ത് വിശ്രമിക്കാനും ശ്രദ്ധിക്കണം. ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാൻ സംഘാടകർ ശ്രദ്ധിക്കണം. കൂടാതെ, സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് മുടക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Latest News

latest News