പട്ടാമ്പിയിൽ സ്വീപ്പിന്റെ നേതൃത്വത്തിൽ മോക്ക് പോളിംഗ് സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സ്വീപ്പ്' പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടാമ്പി മണ്ഡലത്തിൽ മോക്ക് പോളിംഗ് സംഘടിപ്പിച്ചു. പട്ടാമ്പി ലമെന്റ് കോളേജ്, എസ്.എൻ.ജി.എസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് മോക്ക് പോളിംഗ് നടത്തിയത്. വോട്ടിംഗ് മെഷീനുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം, വോട്ട് രേഖപ്പെടുത്തേണ്ട രീതിയെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങളും നൽകിയാണ് മോക്ക് പോളിംഗ് നടന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കോളേജുകളിൽ വിപുലമായ പോസ്റ്റർ പ്രദർശനവും ഒരുക്കിയിരുന്നു.
കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികൾ ക്രമീകരിച്ചത്. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ശനിയാഴ്ച രണ്ട് കോളേജുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് റാലി സംഘടിപ്പിക്കും. അലക്സ് തിയേറ്ററിന് മുൻവശത്ത് നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് വോട്ടർ ബോധവൽക്കരണ സന്ദേശമുയർത്തി വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിക്കും.
