15 കോടി ചോദിച്ച് ബ്ലാക്ക്‌മെയിലിങ്; സാദിഖലി തങ്ങൾക്കെതിരെ പോസ്റ്റിട്ടത് കാപ്പ കേസ് പ്രതി
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയായ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ആണ് പോസ്റ്റിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്നുമാണ് പോലീസ് പറയുന്നത്. നിലവിൽ പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ജനുവരി 31-ന് ആണ് പ്രതി പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതെന്ന് പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. മൊയീനലി തങ്ങളെ ചില അവ്യക്തമായ ചില ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് പ്രതി ഭീഷണിപ്പെടുത്തുകയും 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇത് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിക്കുകയായിരുന്നെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിന് പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കാപ്പാ കേസ് പ്രതിയായ റോഷൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറയുന്നു.
