logo
AD
AD

ഹരിതകർമ്മസേനയ്ക്ക് ഇനി ഏകീകൃത യൂണിഫോം; സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു

സംസ്ഥാനത്തെ ഹരിതകർമ്മസേന അംഗങ്ങൾക്കായി കുടുംബശ്രീ നടപ്പിലാക്കുന്ന ഏകീകൃത യൂണിഫോം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഷൊർണൂർ നഗരസഭ ടൗൺ ഹാളിൽ തദ്ദേശ സ്വയംഭരണ എക്സ്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു. മാലിന്യ നിർമ്മാർജ്ജന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഹരിതകർമ്മസേനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ മാറ്റം സഹായിക്കുമെന്നും 'കേരളത്തിന്റെ ശുചിത്വ സൈന്യം' എന്ന് വിശേഷപ്പിക്കാൻ അർഹരാണ് ഹരിതകർമ സേനാംഗങ്ങളെന്നും മന്ത്രി പറഞ്ഞു.

"ഒത്തൊരുമയുടെ കരുത്തിന് ഇനി ഒത്തൊരുമയുള്ള വസ്ത്രവും" എന്ന സന്ദേശവുമായാണ് ഹരിതകർമ്മസേന അംഗങ്ങൾക്കായി പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു സ്വപ്നം, ഒരു വേഷം, ഒരേയൊരു ലക്ഷ്യം എന്ന ആശയത്തിലൂന്നി സേനാംഗങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും അവർക്ക് കൃത്യമായ ഒരു ഔദ്യോഗിക വ്യക്തിത്വം നൽകാനുമാണ് ഈ വസ്ത്രം വിഭാവനം ചെയ്തിരിക്കുന്നത്. ഹരിത വർണ്ണത്തിലുള്ള വസ്ത്രവും ഒപ്പം തൊപ്പിയും അടങ്ങുന്നതാണ് പുതിയ യൂണിഫോം.

പി. മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു. ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ പി.നിർമല , ഷൊർണൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വി. കെ അനുരാജ്, കില ഡയറക്ടർ എ. നിസാമുദ്ദീൻ, ഐ യു എം എൽ റെപ്രസെന്റെറ്റീവ് ഉസ്മാൻ, പാലക്കാട്‌ ജോയിന്റ് ഡയറക്ടർ പി. എം ഷഫീഖ്, മുൻ ചെയർപേഴ്സൺ എം. നാരായൺ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി ഉണ്ണികൃഷ്ണൻ ഷൊർണൂർ നഗരസഭ സെക്രട്ടറി പി എസ് രാജേഷ് എന്നിവർ പങ്കെടുത്തു.

latest News