logo
AD
AD

ആർക്കും സമയമില്ല: ‘ചടങ്ങിലൊതുങ്ങി’ പട്ടാമ്പി താലൂക്ക് വികസനസമിതി

സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാനും പരിഹാരംകാണാനുമുള്ള താലൂക്ക് വികസനസമിതിയോഗം പട്ടാമ്പിയിൽ പ്രഹസനമായി മാറുന്നു. ജനപ്രതിനിധികൾക്ക് യോഗത്തിൽ പങ്കെടുക്കാൻ നേരംകണ്ടെത്താനാവാത്തതുകൊണ്ട് വികസനസമിതി ചടങ്ങായി ഒതുങ്ങുകയാണ്. ശനിയാഴ്ചനടന്ന ഒക്ടോബർമാസത്തിലെ സമിതിയോഗത്തിൽ ആകെ പങ്കെടുത്തത് രണ്ട് ജനപ്രതിനിധികളാണ്. പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടിയും തിരുവേഗപ്പുറ സ്ഥിരംസമിതിയധ്യക്ഷൻ കെ.പി. മുഹമ്മദ് കുട്ടിയും.

രാഷ്ട്രീയപ്പാർട്ടി പ്രതിനിധിയായി ജനതാദൾ (എസ്‌) ലെ ജയകൃഷ്ണൻ പടനായകത്തും ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെ പ്രതിനിധിയായി സി.എം. അലിയും മാത്രമാണ് വകുപ്പ് മേധാവികൾക്ക് പുറമേ യോഗത്തിലുണ്ടായിരുന്നത്. 11 മണിയോടെ ആരംഭിച്ച യോഗം 11.50-ഓടെ അവസാനിപ്പിക്കയും ചെയ്തു. പട്ടാമ്പി താലൂക്കിന് കീഴിൽ ഒരു നഗരസഭയും 15 പഞ്ചായത്തുകളുമാണുള്ളത്. കൂടാതെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, രണ്ട് എം.എൽ.എ.മാർ എന്നിവരുമുണ്ട്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. സി.പി.ഐ. സംസ്ഥാന സമ്മേളനത്തിലാണ്. മറ്റ് ജനപ്രതിനിധികളൊന്നും യോഗത്തിൽ പങ്കെടുത്തതുമില്ല. കുടിവെള്ളം, റോഡ് തകർച്ച, കാർഷിക പ്രശ്‌നങ്ങൾ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിന്മേലുള്ള ചർച്ചകളും ഇക്കുറിയുണ്ടായില്ല.

വ്യാപകമായ ലഹരിയുപയോഗത്തിനെതിരേ ബോധവത്കരണം ശക്തമാക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണം. കപ്പൂരിൽ കുന്നിടിച്ചുള്ള മണ്ണെടുപ്പ് പരിസരവാസികൾക്ക് തലവേദനയായി മാറുന്നുണ്ടെന്നും പരാതിയുയർന്നു. ജൽജീവൻമിഷൻ പദ്ധതിവരുന്ന സ്ഥലങ്ങളിൽ റോഡുകൾ പാടേ തകർന്ന അവസ്ഥയിയിലാണുള്ളത്. പരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകളുടെ കൂട്ടായ ചർച്ചയും നടപടിയും വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഭൂരേഖാതഹസിൽദാർ പി. ഗിരിജാദേവി, ഡെപ്യൂട്ടി തഹസിൽദാർ വി. സെയ്തുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Latest News

latest News