സ്വത്തുതർക്കം ചര്‍ച്ച ചെയ്യാനായി വിളിപ്പിച്ചു; പൊലീസ് സ്റ്റേഷനിൽ വെച്ച് അമ്മയെ 25കാരൻ തീകൊളുത്തി കൊന്നു
ആഗ്ര: സ്വത്തുതർക്കം ചർച്ചചെയ്യാനായി വിളിപ്പിച്ച അമ്മയെ പൊലീസ് സ്റ്റേഷനിൽ വെച്ച് മകൻ തീകൊളുത്തി. ചൊവ്വാഴ്ച അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പൊലീസുകാരുടെ മുന്നിൽവെച്ചാണ് 25 കാരനായ ഗൗരവ് കുമ്ര 60 കാരിയായ അമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ ഹേമലതാ ദേവി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.
സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് പ്രതിയെയും അമ്മയെയും അമ്മാവനെയും ഖൈറിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെത്തുടർന്ന് രണ്ട് ആൺമക്കൾക്കൊപ്പം ദാർക്കൻ നഗരിയ ഗ്രാമത്തിലെ തറവാട്ടുവീട്ടിലാണ് മരിച്ച ഹേമലതാ ദേവി താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവിന്റെ സഹോദരനും കുടുംബവും വീടിന്റെ ഒരു ഭാഗത്താണ് താമസിച്ചിരുന്നത്. സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തർക്കം തുടരുകയായിരുന്നെന്ന് എസ്.പി പലാഷ് ബൻസാൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതി പൊലീസ് സ്റ്റേഷനിലുമെത്തി.
കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ പൊലീസുകാരെയും അമ്മാവനെയും സമ്മർദത്തിലാക്കാൻ പ്രതിയായ ഗൗരവ് കുമ്ര അമ്മയെ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ പൊലീസെത്തി ഹേമലതാ ദേവിയുടെ തീയണച്ചു.എന്നാൽ അപ്പോഴേക്കും ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് എസ്എസ്പി സഞ്ജീവ് സുമൻ, എസ്പി (റൂറൽ) പലാഷ് ബൻസാൽ എന്നിവർ സ്റ്റേഷനിലെത്തി പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.