logo
AD
AD

പാകിസ്താൻ ചരിത്രത്തിൽനിന്ന് ഒന്നും പഠിച്ചിട്ടില്ല -കാർഗിൽ വിജയ് ദിവസിൽ താക്കീതുമായി പ്രധാനമന്ത്രി

കാർഗിൽ: കാർഗിൽ വിജയ് ദിവസിൽ പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താൻ എന്തെങ്കിലും ദുഷ്ശ്രമം നടത്തിയപ്പോഴെല്ലാം പരാജയം നേരിട്ടതാണെന്നും ചരിത്രത്തിൽ നിന്ന് പാകിസ്താൻ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനുവേണ്ടിയുള്ള സൈനികരുടെ ത്യാഗം അനശ്വരമാണെന്നും കാർഗിൽ വിജയ് ദിവസിന്‍റെ രൂപത്തിൽ എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ പാകിസ്താൻ നടത്തിയ എല്ലാ കുത്സിത ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാൽ പാകിസ്താൻ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. തീവ്രവാദത്തിന്‍റെ സഹായത്തോടെ അവർ പ്രസക്തമായി നിലനിൽക്കാൻ ശ്രമിക്കുകയാണ്. ഇന്ന് ഞാൻ സംസാരിക്കുന്നത് ഭീകരവാദത്തിന്‍റെ യജമാനന്മാർക്ക് എന്‍റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന സ്ഥലത്ത് നിന്നുകൊണ്ടാണ്. ഭീകരവാദത്തിന്‍റെ ഈ രക്ഷാധികാരികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അവരുടെ നികൃഷ്ടമായ ഉദ്ദേശ്യങ്ങൾ ഒരിക്കലും വിജയിക്കില്ല. നമ്മുടെ സൈനികർ ഭീകരവാദത്തെ പൂർണ്ണ ശക്തിയോടെ തകർക്കും -പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ഇന്ന്, ലഡാക്ക് എന്ന മഹത്തായ ഭൂമി ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു - കാർഗിൽ വിജയിച്ചിട്ട് 25 വർഷമായിരിക്കുന്നു. നമ്മുടെ രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങൾ ശാശ്വതവും എന്നെന്നും സ്മരിക്കപ്പെടുന്നതുമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മെ ഓർമ്മിപ്പിക്കുന്നു. കാലം കടന്നുപോകുമ്പോൾ ദിവസങ്ങൾ മാസങ്ങളായി, മാസങ്ങൾ വർഷങ്ങളായി, വർഷങ്ങൾ നൂറ്റാണ്ടുകളായി മാറുന്നു - രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ നമ്മുടെ ഓർമ്മയിൽ എന്നേക്കും അനശ്വരമായി പതിഞ്ഞുകിടക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.

latest News