logo
AD
AD

അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. അരിക്കൊമ്പൻ തീർത്ത പ്രതിരോധവും, പ്രതികൂല കാലാവസ്ഥയും മറിക്കടന്നാണ് ദൗത്യ സംഘം ആനയെ കുമളിയിൽ എത്തിച്ചത്. കടുവാ സങ്കേതത്തിലെ ആദിവാസി വിഭാഗം പ്രത്യേക പൂജയോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്.

ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂർ കൊണ്ടാണ് വാഹനത്തിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ അടക്കമുള്ള നാല് കുംകിയാനകളും, ദൗത്യ സംഘവും വളരെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കീഴ്‌പ്പെടുത്തിയത്.

വൈകീട്ട് 5.30 ഓടെയാണ് അരിക്കൊമ്പനെ കയറ്റിയ വാഹനം ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്ക് തിരിച്ചത്. വനം വകുപ്പിന് പുറമെ പൊലീസ്, റവന്യൂ വകുപ്പുകളുടെ വാഹനങ്ങളും അരിക്കൊമ്പന്റെ വാഹനത്തെ അനുഗമിച്ചു. 10.15-ഓടെ വാഹനം കുമളിയിലെ പെരിയാർ കടുവ സങ്കേതത്തിലെത്തി. പ്രത്യകം പൂജകളോടെയായിരുന്നു മാന്നാർ ആദിവാസി വിഭാഗം അരിക്കൊമ്പനെ സ്വീകരിച്ചത്. പുലർച്ചെയോടെ കുമളിയിൽനിന്ന് 23 കിലോമീറ്റർ മാറി മേതകാനം വനമേഖലയിൽ ആനയെ തുറന്നു വിട്ടു. ഇനി പെരിയാർ വനത്തിലായിരിക്കും അരിക്കൊമ്പന്റെ വാസം.

Latest News

latest News