പട്ടാമ്പി സെൻട്രൽ ഓർചാർഡിന്റെ സമഗ്ര നവീകരണം പുരോഗമിക്കുന്നു
പട്ടാമ്പിയിലെ സെൻട്രൽ ഓർചാർഡ് സമഗ്ര നവീകരണത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പദ്ധതിയ്ക്കായി സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ മാറ്റിവെച്ചിരുന്നു. നിലവിൽ ഓർചാർഡിൽ ചുറ്റുമതിൽ നിർമാണം, വീഴാറായ മരങ്ങളും ചില്ലകളും വെട്ടി മാറ്റുന്ന പ്രവൃത്തികൾ എന്നിവ പുരോഗമിക്കുകയാണ്. ഇതോടൊപ്പം മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ഫാം ടൂറിസം പദ്ധതി രണ്ട് ഘട്ടങ്ങളിലായി ജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് തീരുമാനം.
ആദ്യഘട്ടം പൂർത്തിയാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. ആദ്യഘട്ടത്തിൽ തന്നെ കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ വിവിധ കാർഷിക ഉത്പന്നങ്ങളുടെ വിപണന സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള കൗണ്ടറുകൾ ഒരുക്കുകയും തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ വിപുലമായ സൗകര്യങ്ങളും ഒരുക്കും.
ഇതോടൊപ്പം, വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘കേര’ പദ്ധതി പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിൽ കൊണ്ടുവരുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് എം.എൽ.എ മുഹമ്മദ് മുഹ്സിൻ അറിയിച്ചു.
