logo
AD
AD

തീപ്പിടിത്ത സാധ്യത; വിമാനത്തിനുള്ളിലെ പവർ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനങ്ങൾക്കുള്ളിലെ ഇൻ-സീറ്റ് പവർ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും യാത്രക്കാർക്ക് ഇനി അനുവാദമുണ്ടാകില്ല. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികൾക്ക് തീ പിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിർണായക തീരുമാനം.⁣ ⁣ പുതിയ ഉത്തരവ് പ്രകാരം പവർ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളിൽ (Hand luggage) മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ഇവ വിമാനത്തിലെ ഓവർഹെഡ് ബിന്നുകളിലോ (Overhead bins) ചെക്ക്-ഇൻ ബാഗുകളിലോ വെക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഓവർഹെഡ് ബിന്നുകളിൽ വെക്കുന്ന ബാഗുകളിൽ തീപിടുത്തമുണ്ടായാൽ അത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാൻ വൈകുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം എന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകുന്നു.⁣ ⁣ ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചാൽ അത് അണയ്ക്കുക പ്രയാസകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗുകളിൽ അനുവദിക്കാത്തതിനാൽ, വിമാനത്തിലെ ഓവർഹെഡ് ബിന്നുകൾ നിറയുമ്പോൾ ഹാൻഡ് ബാഗുകൾ കാർഗോ ഹോൾഡിലേക്ക് മാറ്റുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് പൈലറ്റുമാരും വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാർഗോ ഹോൾഡിൽ തീപിടുത്തമുണ്ടായാൽ അത് തിരിച്ചറിയാൻ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.⁣ ⁣ യാത്രയ്ക്കിടെ ഏതെങ്കിലും ഉപകരണത്തിന് അമിതമായ ചൂടോ പുകയോ അല്ലെങ്കിൽ അസാധാരണമായ മണമോ അനുഭവപ്പെട്ടാൽ യാത്രക്കാർ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കേണ്ടതാണെന്ന് പുതിയ നിർദേശത്തിൽ പറയുന്നു. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും വിമാനക്കമ്പനികൾ ഉടൻ തന്നെ ഡിജിസിഎയെ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിൽ പുതിയ നിയമങ്ങളെക്കുറിച്ച് അനൗൺസ്മെന്റുകൾ നടത്താൻ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.⁣ ⁣ കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഒരു ഇൻഡിഗോ വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ കർശന നിയന്ത്രണം. എമിറേറ്റ്സ്, സിംഗപ്പുർ എയർലൈൻസ് തുടങ്ങിയ ആഗോള വിമാനക്കമ്പനികളും സമാനമായ നിയന്ത്രണങ്ങൾ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

latest News