കുഷ്ഠരോഗ നിവാരണം: 'അശ്വമേധം 7.0' ഭവന സന്ദർശന കാമ്പയിൻ ജനുവരി 7 മുതൽ
കുഷ്ഠരോഗം സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേധം കാമ്പയിന്റെ ഏഴാം ഘട്ടം ജനുവരി ഏഴിന് തുടങ്ങും. ജനുവരി 20 വരെ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗനിർണ്ണയ പ്രവർത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. സമൂഹത്തിൽ അറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ നേരിട്ടുള്ള ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി അവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ നിലവിൽ പതിനായിരത്തിൽ 0.11 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം നിലവിൽ 111 പേർ ചികിത്സയിലുണ്ട്. ഇതിൽ 21 പേർ ഗ്രേഡ് 2 വൈകല്യം ഉള്ളവരാണ്. ജില്ലയില്‍ നാല് കുട്ടികളും ഈ രോഗത്തിന് ചികിത്സയിലുണ്ട്. കുട്ടികളിൽ രോഗം കണ്ടെത്തുന്നത് മുതിർന്നവരിൽ രോഗം മറഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയായതിനാലാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു പരിശോധനയുമായി മുന്നിട്ടിറങ്ങുന്നത്. പരിശീലനം ലഭിച്ച ഒരു ആശാപ്രവർത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘമാണ് വീടുകളിൽ പരിശോധനയ്ക്കായി എത്തുന്നത്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ രോഗബാധിതർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ മൈക്കോബാക്ടീരിയം എന്ന അണുക്കൾ മറ്റുള്ളവരിലേക്ക് എത്തിയേക്കാം. എന്നാൽ ചികിത്സ ആരംഭിച്ച ഒരു രോഗിയിൽ നിന്നും രോഗം പകരില്ല. ശരീരത്തിൽ അണുക്കൾ പ്രവേശിച്ചാൽ ലക്ഷണങ്ങൾ പുറത്തുവരാൻ മൂന്ന് മുതൽ പത്ത് വർഷം വരെ സമയമെടുത്തേക്കാം. അതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ ആരംഭിച്ചാൽ കുഷ്ഠരോഗം മൂലമുണ്ടാകുന്ന വൈകല്യങ്ങൾ പൂർണ്ണമായും തടയാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാനും സാധിക്കും. തൊലിപ്പുറത്ത് കാണുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന്റെ പ്രധാന പ്രാരംഭ ലക്ഷണം. ശരീരത്തിൽ ചുണങ്ങ് പോലെ കാണപ്പെടുന്നതോ, നിറം മങ്ങിയതോ, ചുവന്നതോ, ചെമ്പ് നിറത്തിലുള്ളതോ ആയ പാടുകൾ ശ്രദ്ധിക്കണം. ഇത്തരം പാടുകളിൽ സ്പർശനശേഷി കുറവായിരിക്കും എന്നതും ചൂട്, തണുപ്പ്, വേദന എന്നിവ അറിയാൻ സാധിക്കില്ല എന്നതും രോഗലക്ഷണമായി കണക്കാക്കാം. രോഗം നാഡികളെ ബാധിക്കുന്നതോടെ നാഡികൾ തടിക്കുകയും കൈകാലുകളിൽ തരിപ്പ്, ബലക്കുറവ്, വേദന, മാറാത്ത വ്രണങ്ങൾ എന്നിവ ഉണ്ടാവുകയും ചെയ്യും. മുഖത്തോ ശരീരത്തിലോ തടിപ്പുകൾ കാണപ്പെടാം. ചിലരിൽ ഇത് കണ്ണിനെയും ബാധിക്കാറുണ്ട്. സംശയമുള്ള സാഹചര്യത്തിൽ തൊലിപ്പുറത്തെ സംവേദനക്ഷമത പരിശോധിച്ചും തുടർന്ന് ബയോപ്സി പരിശോധനയിലൂടെയും രോഗം സ്ഥിരീകരിക്കാൻ സാധിക്കും. രോഗത്തിന്റെ തീവ്രതയനുസരിച്ച് ആറുമാസം മുതൽ പന്ത്രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന വിവിധ ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഇതിനായുള്ള മരുന്നുകൾ തികച്ചും സൗജന്യമായി ലഭ്യമാണ്. ഓരോ വീടുകളിലും ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരും എത്തുമ്പോൾ എല്ലാ ജനങ്ങളും ഈ പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. തുടക്കത്തിലേ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ വൈകല്യങ്ങളില്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
