കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗ് കവർന്ന പ്രതി പിടിയിൽ
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ നിന്ന് യാത്രക്കാരിയുടെ ഫോണും പണവും അടങ്ങിയ ബാഗ് കവർന്ന താനൂർ തഴെപൊയിൽ ഷക്കീബ് അഹമ്മദി (42)നെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 30ന് പുലർച്ചെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വിശ്രമ മുറിയിലുണ്ടായിരുന്ന യാത്രക്കാരി ബാത്ത്റൂമിൽ പോയ സമയം നോക്കി പ്രതി ബാഗും അതിലുണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും പണവും വസ്ത്രങ്ങളും മോഷ്ടിക്കുകയായിരുന്നു. ഈ ബാഗ് പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ റെയിൽവെ പൊലീസ് ക്രൈം സ്ക്വാഡ് അംഗങ്ങളായ പി ബി ജോസ്, അഖിലേഷ്, ആർപിഎഫ് സ്ക്വാഡ് അംഗങ്ങളായ ബൈജു, വിജേഷ്, ശ്രീകാന്ത്, അബ്ബാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
