പേവിഷബാധ വിമുക്ത കേരളം: പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് തുടക്കമായി
'പേവിഷബാധ വിമുക്ത കേരളം' പദ്ധതിയുടെ നാലാംഘട്ട പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് പട്ടാമ്പി, പരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2030 ഓടെ കേരളത്തെ പേവിഷബാധ വിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് പേവിഷബാധ വിമുക്ത കേരളം. കുത്തിവയ്പ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ വിജയകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അലി ഇഖ്ബാല്‍ അധ്യക്ഷനായി. വെറ്ററിനറി ഡോക്ടര്‍ സംഗീത്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി അഞ്ച് വളര്‍ത്തു നായകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കിയത്. മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള നായകള്‍ക്കും പൂച്ചകള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യ ഡോസിന് ശേഷം നാല് ആഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസും തുടര്‍ന്ന് വര്‍ഷംതോറും കുത്തിവയ്പ്പും നല്‍കണം. വളര്‍ത്തുമൃഗങ്ങളിലൂടെ പേവിഷബാധ പകരുന്നത് തടയുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി നടത്തിവരുന്നത്.
