രക്ഷകരാകാൻ പോലീസും; പ്രായോഗിക ജീവൻ രക്ഷാ പരിശീലനവുമായി എം.ഇ.എസ് മെഡിക്കൽ കോളേജ്
പെരിന്തൽമണ്ണ: റോഡപകടങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ പെടുന്നവർക്ക് ഉടനടി വിദഗ്ധ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ പോലീസുകാരെ സജ്ജരാക്കുന്ന 'ബി.എൽ.എസ്' (Basic Life Support) പരിശീലന പരിപാടിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ സാന്നിധ്യത്തിൽ എസ്.പി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് പദ്ധതിയുടെ സോഫ്റ്റ്ലോഞ്ച് നിർവ്വഹിച്ചത്. ചടങ്ങിൽ വെച്ച് ബി.എൽ.എസ് കോർഡിനേറ്റർ മുഹമ്മദ് റോഷനിൽ നിന്നും ജില്ലാ പോലീസ് മേധാവി സോഫ്റ്റ്ലോഞ്ച് പോസ്റ്റർ ഏറ്റുവാങ്ങി. എം.ഇ.എസ് (MES) മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിശീലന പരമ്പരയിലെ ആദ്യ ക്ലാസ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഓഫീസിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഗോപകുമാർ പി.എം ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരിന്തൽമണ്ണ ഐ.പി എസ്.എച്ച്.ഒ സുമേഷ് സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈ.എസ്.പി ഓഫീസ് എസ്.ഐ പ്രകാശൻ സ്വാഗതം ആശംസിച്ചു. കേവലം സിദ്ധാന്തപരമായ അറിവുകൾക്കപ്പുറം സമ്പൂർണ്ണമായ പ്രായോഗിക പരിശീലനത്തോടെ നിർവ്വഹിക്കപ്പെടുന്നു എന്നതാണ് ഈ ക്ലാസുകളുടെ ഏറ്റവും വലിയ പ്രത്യേകതയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഘടകവും. ജീവൻ മരണ പോരാട്ടങ്ങൾ നടക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ 'ഗോൾഡൻ അവർ' (Golden Hour) ഉപയോഗപ്പെടുത്തി രോഗിയുടെ ശ്വാസോച്ഛ്വാസവും രക്തചംക്രമണവും പുനഃസ്ഥാപിക്കാൻ പ്രായോഗികമായി എന്തെല്ലാം ചെയ്യണം എന്ന് പോലീസുകാരെ നേരിട്ട് പരിശീലനം നൽകി പ്രാപ്തരാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എം.ഇ.എസ് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ (ED) വിഭാഗത്തിലെ വിദഗ്ധനായ ഡോ. അഷ്ഫാഖ് മജീദിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ രോഗിയുടെ ജീവൻ നിലനിർത്താൻ കൈക്കൊള്ളേണ്ട കൃത്യമായ പ്രായോഗിക രീതികൾ സ്വന്തം പ്രവർത്തന അനുഭവസമ്പത്തിലൂടെ പോലീസുകാർക്ക് ലളിതമായി ഡോ. അഷ്ഫാഖ് മജീദ് വിശദീകരിച്ചു നൽകി. ഇതോടൊപ്പം ഇ.എം.ടി (Emergency Medical Team) അംഗം ഐനുൽ ആബിദ്, ഇ.ആർ (ER) നഴ്സ് അഖിൽ ഹബീബ് എന്നിവരും പ്രായോഗിക പരിശീലനങ്ങൾ ഏകോപിപ്പിച്ചു. പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ, താനൂർ, കൊണ്ടോട്ടി, നിലമ്പൂർ എന്നീ 6 പോലീസ് ഡിവിഷനുകൾക്ക് കീഴിലും ഓരോ ഡിവൈ.എസ്.പിമാരുടെ കീഴ്ൽ വരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഈ ക്ലാസുകൾ നൽകുമെന്ന് എം.ഇ.എസ് മെഡിക്കൽ കോളേജ് സീനിയർ എക്സിക്യൂട്ടീവ് ശിവദാസ് വ്യക്തമാക്കി. ചടങ്ങിൽ അദ്ദേഹം ആശംസകൾ നേർന്നു സംസാരിച്ചു. വരുന്ന ഡിസംബറോടുകൂടി ജില്ലയിലെ എല്ലാ ഡിവിഷനുകളിലെയും പോലീസുകാർക്ക് ഘട്ടംഘട്ടമായി ഈ രീതിയിൽ പ്രായോഗിക പരിശീലനം നൽകി പദ്ധതി പൂർത്തിയാക്കാനാണ് എം.ഇ.എസ് മെഡിക്കൽ കോളേജ് ലക്ഷ്യമിടുന്നത്.
