logo
AD
AD

ദുരന്ത നിവാരണത്തില്‍ ഏകോപനമില്ല; മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

കേരളം വെള്ളത്തിലാണെങ്കില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിരുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പട്ടു.ജനങ്ങള്‍ ദുരിത്തിലാകുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നില്‍ മുഴുകുകയാണ് മുഖ്യമന്ത്രിയെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയക്കെടുതിയിലും മുന്നില്‍ നിന്ന് നയിച്ച ഒരു ക്യാപ്റ്റന്‍ ഇവിടെ ഉണ്ടായിരുന്നു.ഇച്ഛാശക്തിയുടെ കാര്യത്തില്‍ സതീശന്‍ പിണറായിയെ മാതൃകയാക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക നിയമനത്തില്‍ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയത് അഴിമതി നടത്താനാണെന്നും വിമര്‍ശനമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നും ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയിലും ശിവന്‍കുട്ടി പ്രതികരിച്ചു. സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്തുവെന്നും വി.ഡി സതീശന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുള്ളൂ. അന്ന് നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച ആളാണ് സതീശന്‍. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ പറയുന്നു. മുഖ്യമന്ത്രിയെ മറവിരോഗം ബാധിച്ചിരിക്കുന്നുവെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.മഴക്കെടുതിയെ നേരിടാന്‍ എല്ലാവരും ഒന്നിച്ചിറങ്ങുക എന്നതാണ് ഇടതിന്റെ നിലപാടെന്ന് മുന്‍ വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇപ്പോഴത്തെ സര്‍ക്കാര്‍ എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. പിണറായി ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ മാധ്യമങ്ങള്‍ എന്തെല്ലാം എഴുതുമായിരുന്നു. വി.ഡി സതീശന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറഞ്ഞത് എന്താണ്, മുഖ്യമന്ത്രി ആയപ്പോള്‍ ചെയ്യുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചു. കാറിലെ പെട്രോള്‍ ലാഭിക്കാന്‍ വേണ്ടിയാകും മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നും രാജീവ് പരിഹസിച്ചു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. എന്നാല്‍ അതിനെച്ചൊല്ലി അന്നത്തെ മുന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാണിച്ചു.


latest News