logo
AD
AD

റോട്ടറി ക്ലബ് എടപ്പാളിന്റെ എച്ച്.പി.വി. ബോധവത്കരണ ക്യാമ്പയിന് തുടക്കം

എടപ്പാൾ: റോട്ടറി ഇന്റർനാഷണലിന്റെ മാതൃ-ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് എടപ്പാളും കേരള ആരോഗ്യ വകുപ്പും ചേർന്ന് എച്ച്.പി.വി. (ഹ്യൂമൻ പാപ്പിലോമ വൈറസ്) ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. ക്യാമ്പ് ആൻഡ് എം സ്കൂളിൽ നടന്ന പരിപാടിയിൽ ഗർഭാശയമുഖ അർബുദ പ്രതിരോധത്തിൽ എച്ച്.പി.വി. വാക്സിന്റെ പ്രാധാന്യവും കൗമാരപ്രായത്തിൽ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിശദീകരിച്ചു. 70-ലധികം വിദ്യാർത്ഥികളും 50-ലധികം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ലിജു പദ്ധതിയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് എപ്പിഡമിയോളജിസ്റ്റ് ഡോ. ശ്രീഷ്മ എച്ച്.പി.വി. വൈറസ്, ഗർഭാശയമുഖ അർബുദ പ്രതിരോധം, വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന സംശയനിവാരണ സെഷനിലും പങ്കാളിത്തമുണ്ടായി. പരിപാടിയുടെ തുടർച്ചയായി കേരള ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലെ സ്കൂളുകളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റോട്ടറി ക്ലബ് എടപ്പാൾ പ്രസിഡന്റ് റൊട്ടേറിയൻ പ്രകാശ് പുളിക്കപറമ്പിൽ, സെക്രട്ടറി റൊട്ടേറിയൻ സന്തോഷ് കെ.വി., പ്രോഗ്രാം ഡയറക്ടർ റൊട്ടേറിയൻ ഡോ. നന്ദു ബേബി, എ.ജി. റൊട്ടേറിയൻ ദിലീപ്കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റൊട്ടേറിയൻ പ്രതാപ് ഇ. എന്നിവർ നേതൃത്വം നൽകി.


latest News