ദശപുഷ്പ പ്രദർശനവും ബോധവൽക്കരണവും സംഘടിപ്പിച്ചു
മക്കരപറമ്പ്: ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഗവൺമെൻറ് ഹൈസ്കൂളിൽ ദശപുഷ്പ പ്രദർശനവും പരിസ്ഥിതി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്കൂളിലെ നേച്ചർ ക്ലബ്ബിന്റെയും, ഫോറസ്ട്രി ക്ലബ്ബിൻ്റെയും, സീഡ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത ഔഷധസസ്യങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയത്. വിദ്യാർത്ഥികൾ തന്നെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച കറുക, നിലപ്പന, മുക്കുറ്റി, തിരുതാളി, പൂവാംകുറുന്നില, കയ്യോന്നി, ഉഴിഞ്ഞ, ചെറുള, വിഷ്ണുക്രാന്തി, മുയൽച്ചെവിയൻ എന്നീ ദശപുഷ്പങ്ങളാണ് പ്രദർശനത്തിൽ വെച്ചിരുന്നത്. ഓരോ സസ്യത്തിന്റെയും ഔഷധഗുണങ്ങളെക്കുറിച്ചും അവയുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന ചാർട്ടുകളും ബോർഡുകളും വിദ്യാർത്ഥികൾ പ്രദർശനത്തോടനുബന്ധിച്ച് തയ്യാറാക്കിയിരുന്നു. ദശപുഷ്പം പ്രദർശനം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജസീല കെ.ടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയേയും നാടൻ സസ്യസമ്പത്തിനെയും അറിയാനും സംരക്ഷിക്കാനും പുതിയ തലമുറ മുന്നോട്ടു വരണമെന്ന് ഹെഡ്മിസ്ട്രസ് സൂചിപ്പിച്ചു. അധ്യാപകരായ കെ.വി ലക്ഷ്മിശ്രീ, പി. പ്രമോദ്, സി.എച്ച്. ഷിഫ ഷെറിൻ, കെ.കെ സൗമ്യ, ഫാത്തിമ അഫ്ന, പി. വിശ്വനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.
