logo
AD
AD

വിദൂര വിദ്യാഭ്യാസവും തുടർപഠന സാധ്യതകളും: പട്ടാമ്പിയിൽ സെമിനാർ സംഘടിപ്പിച്ചു

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സാക്ഷരത മിഷൻ പാലക്കാടും സംയുക്തമായി പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് സെമിനാർ ഹാളിൽ വെച്ച് "വിദൂര വിദ്യാഭ്യാസവും തുടർപഠന സാധ്യതകളും" എന്ന വിഷയത്തിൽ വൈജ്ഞാനിക-സാഹിത്യ-സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ, ജീവിതത്തിലെ വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിലച്ചുപോയവർക്ക് വീണ്ടും പഠനം തുടരാനുള്ള സുവർണ്ണാവസരമാണ് വിദൂര വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ നൽകുന്നതെന്ന് വ്യക്തമാക്കി. തുല്യതാ പരീക്ഷകളിലൂടെയും ഓപ്പൺ സർവകലാശാലാ സംവിധാനങ്ങളിലൂടെയും നിരവധി പേരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും, വിദ്യാഭ്യാസം എന്നത് വ്യക്തികളുടെ ആത്മവിശ്വാസവും സമൂഹത്തിന്റെ പുരോഗതിയും ഉറപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടാമ്പി മുൻസിപ്പൽ ചെയർമാൻ ടി.പി ഷാജി അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ദീപ സ്വാഗതവും, സാക്ഷരത മിഷൻ പാലക്കാട് അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ പി.വി പാർവതി നന്ദിയും രേഖപ്പെടുത്തി. തൃശ്ശൂർ-തിരുവനന്തപുരം റീജിയണൽ ഡയറക്ടർ പ്രൊഫ. (ഡോ.) എൻ.എ ജോജോമോൻ വിഷയാവതരണം നടത്തി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. രാജേഷ്, സാക്ഷരത മിഷൻ പാലക്കാട് ജില്ലാ കോർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിവേഴ്സിറ്റി പ്രോഗ്രാമുകളെക്കുറിച്ച് ഡോ. എ.സി ലതിക (അസിസ്റ്റന്റ് പ്രൊഫസർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി) വിശദീകരിച്ചു.


latest News