സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളോടനുബന്ധിച്ച് ആയൂർവേദ, ഹോമിയോ, യുനാനി ഡിസ്പെൻസറികൾ സംയുക്തമായി വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെരീഫ ടീച്ചർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജി മോൾ, കൗൺസിലർമാരായ ടി.പി അബ്ദുൾ ഗഫൂർ, കെ.പി അബ്ദുൾ റസാഖ്, കെ.പി നസീറ, സുലൈഖ കാരക്കാടൻ, സക്കീന, ആസൂത്രണ സമിതി അംഗം അസൈനാർ പറശ്ശേരി, മൂർക്കത്ത് മുസ്‌തഫ തുടങ്ങിയവർ സംസാരിച്ചു. 250ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സുജീഷ്, ഹോമിയോ മെഡിക്കൽ ഓഫീസർമാരായ ഡോ. ബിന്ദു, ഡോ. മിഷേൽ, യുനാനി മെഡിക്കൽ ഓഫീസർ ഡോ. നജ്മ എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്ന് നൽകുകയും ചെയ്തു. മലബാർ ഡയഗ്നോസ്റ്റിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഷുഗർ, ബി.പി. പരിശോധന എന്നിവയും നടന്നു. മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് കർക്കിടക കഞ്ഞി വിതരണവും നടത്തി.
