logo
AD
AD

പാലക്കാട് ഡി.ടി.പി.സി ഓണാഘോഷം ഓഗസ്റ്റ് 25 മുതല്‍

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭ്യമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 25 മുതല്‍ 28 വരെ വിപുലമായി സംഘടിപ്പിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നാല് വേദികളിലായാണ് പരിപാടികള്‍. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പോത്തുണ്ടി ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവയാണ് വേദികള്‍. രാപ്പാടിയില്‍ നാല് ദിവസവും മറ്റു വേദികളിൽ രണ്ടു ദിവസങ്ങളിലായാണ് പരിപാടികള്‍ നടത്തുക. പാലക്കാടിന്റെ തനത് കലകളെയും കലാകാരരെയും ഉള്‍പ്പെടുത്തിയുള്ള പരിപാടികളാകും സംഘടിപ്പിക്കുക. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമാണ് പ്രധാനവേദി. മറ്റു വേദികളില്‍ ഉള്‍പ്പെടെ ദീപാലങ്കാരം സജ്ജീകരിക്കും. ഓണാഘോഷപരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ രക്ഷാധികാരിയായ സമിതിയുടെ ചെയര്‍മാന്‍ ജില്ലാ കലക്ടറാണ്. വി രാമചന്ദ്രനെ ജനറല്‍ കണ്‍വീനറായും എച്ച് മുബാറക്കിനെ ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു. ടൂറിസം വകുപ്പ് ഡി.ഡി, ഡി.ടി.പി.സി സെക്രട്ടറി എന്നിവരാണ് മറ്റ് ജോയിന്റ് കണ്‍വീനര്‍മാര്‍. യോഗത്തില്‍ പ്രോഗ്രാം, ഫിനാന്‍സ്- സ്‌പോസര്‍ഷിപ്പ്, പബ്ലിസിറ്റി, സെക്യൂരിറ്റി, വൊളന്റിയര്‍ എന്നീ സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ രമേശ് പിഷാരടി, എ പ്രഭാകരന്‍, കെ പ്രേംകുമാര്‍, ടി.എം ശശി, ഡി.ടി.പി.സി സെക്രട്ടറി എസ് വി സില്‍ബെര്‍ട്ട് ജോസ്, സാംസ്കാരിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


latest News