കുഹാസ് പരീക്ഷയിൽ എം.ഇ.എസ് മെഡിക്കൽ കോളേജിന് ഇരട്ട നേട്ടം
പെരിന്തൽമണ്ണ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല (KUHS) നടത്തിയ ഫൈനൽ എം.ഡി അനസ്‌തേഷ്യോളജി പരീക്ഷയിൽ മികച്ച നേട്ടവുമായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്. കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗത്തിലെ ഡോ. രഞ്ജിത പി. രാധാകൃഷ്ണൻ ഒന്നാം റാങ്കും ഡോ. വിന്ധുജ സുരേഷ് മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികളായ ഡോക്ടർമാരെ അനുമോദിക്കുന്നതിനായി എം.ഇ.എസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് ഡയറക്ടർ ഡോ. ഫസൽ ഗഫൂർ ഇരുവർക്കും ഫലകം നൽകി ആദരിച്ചു. ചടങ്ങിൽ അനസ്‌തേഷ്യോളജി വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗം, എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് സാജിദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ എന്നിവർ സംസാരിച്ചു. അനസ്‌തേഷ്യോളജി വിഭാഗത്തിന്റെ അക്കാദമിക മികവിനും അധ്യാപന മികവിനും അഭിമാനകരമായ നേട്ടമായി ഈ റാങ്കുകൾ.
