അങ്ങാടിപ്പുറത്ത് അനധികൃത മദ്യവിൽപ്പന; ഒരാൾ എക്സൈസ് പിടിയിൽ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പൂരപ്പറമ്പിൽ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപന നടത്തിയയാളെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വലമ്പൂർ വില്ലേജിൽ എറാന്തോട് സ്വദേശിയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ താമസക്കാരനുമായ സുനിൽകുമാർ (62) ആണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെയും പൂരപ്പറമ്പ് കേന്ദ്രീകരിച്ചും വ്യാപകമായി അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സ് പാർട്ടി നടത്തിയ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയ്ക്കിടയിലാണ് മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്ന പ്രതിയെ കൈയോടെ പിടികൂടിയത്. രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ മദ്യവിൽപ്പന സംഘങ്ങൾ സജീവമാണെന്ന വിവരത്തെ തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഷാഡോ എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർ എസ്. സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, സജിൽ കൃഷ്ണ, മുഹമ്മദ് റിയാസ്, ഡ്രൈവർ അനീഷ് എന്നിവരും പങ്കെടുത്തു.
