അട്ടപ്പാടിയിൽ വീണ്ടും വ്യാജവാറ്റ് കേന്ദ്രം തകർത്തു
അട്ടപ്പാടി: സംസ്ഥാനവ്യാപകമായി ലഹരിക്കെതിരെ നടന്നു വരുന്ന 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി അട്ടപ്പാടിയിൽ വീണ്ടും വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ പുതൂർ വില്ലേജിൽ ഉൾപ്പെടുന്ന കുളപ്പടി ദേശത്ത്, ചെന്താമലയുടെ താഴ്‌വാരത്തുള്ള തോടിന്റെ അരികിൽ നിന്നാണ് എക്സൈസ് സംഘം വാറ്റ് കേന്ദ്രം പിടികൂടിയത്. അഗളി എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് എം.ബി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തോടിന് സമീപം ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ 7 ബാരലുകളിലും 18 ലിറ്ററിന്റെ 3 പ്ലാസ്റ്റിക് കുടങ്ങളിലുമായി ഉണ്ടായിരുന്ന 1454 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ഒരു മാസത്തിനിടെ അട്ടപ്പാടി മേഖലയിൽ എക്സ്സൈസ് സംഘം തകർക്കുന്ന നാലാമത്തെ വ്യാജവാറ്റ് കേന്ദ്രമാണിത്. സംഭവവുമായി ബന്ധപ്പെട്ട് അഗളി എക്സൈസ് റേഞ്ച് ഓഫീസിൽ അബ്കാരി നിയമപ്രകാരം (CRNO: 137/2026, Abkari Act 55(g)) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോൾ വ്യാജവാറ്റ് കേന്ദ്രത്തിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. പ്രതികൾക്കായുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കി. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ് എ.കെ., രംഗൻ കെ., ഡ്രൈവർ വിനോദ് എന്നിവരും ഉണ്ടായിരുന്നു.
