ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് പുണർപ്പ വി.എം.എച്ച്.എം യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ പുസ്തകങ്ങളുടെ പ്രദർശനമായിരുന്നു ഇതിൽ പ്രധാന ആകർഷണം. വേറിട്ട ഭാഷാശൈലി കൊണ്ടും ആക്ഷേപഹാസ്യം നിറഞ്ഞ രചനകൾ കൊണ്ടും മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ബഷീറിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും പുതിയ തലമുറയ്ക്ക് അടുത്തറിയാൻ ഈ പ്രദർശനം ഏറെ സഹായകരമായി. പുസ്തകപ്രദർശനത്തിന് പുറമെ വിദ്യാർത്ഥികൾക്കായി വിനോദവും അറിവും പകരുന്ന മറ്റ് നിരവധി മത്സരങ്ങളും പരിപാടികളും വിദ്യാലയത്തിൽ ഒരുക്കിയിരുന്നു. 'ക്ലബ്ബ് എഫ് എം പുണർപ്പ'യിലൂടെ ബഷീറിനെ അടുത്തറിയാം എന്ന പ്രത്യേക പരിപാടിയും, 'ബഷീർ കഥാപാത്രങ്ങളിലൂടെ' എന്ന തലക്കെട്ടിൽ ഇൻസ്റ്റാഗ്രാം റീൽസ് മത്സരവും, ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടികൾക്ക് പ്രധാനാധ്യാപകൻ അലവി കരുവാട്ടിൽ, എസ്.ആർ.ജി കൺവീനർ അനീഷ് എൻ, സ്റ്റാഫ് സെക്രട്ടറി ദീപ്തി ടീച്ചർ, വിദ്യാരംഗം കൺവീനർമാരായ നിതു മോഹൻ, നീതി കെ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു.
