പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് കത്തിനശിച്ചു
പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ പട്ടാമ്പി മത്സ്യമാർക്കറ്റിന് സമീപത്താണ് സംഭവം. പെരിന്തൽമണ്ണയിൽ നിന്ന് കോട്ടയത്തേക്ക് പോയിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൻ്റെ മുൻഭാഗത്ത് തീനാളം കണ്ടതോടെ ഡ്രൈവർ വണ്ടി നിർത്തി. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഉണർത്തി പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. ഡ്രൈവറുടെ ജാഗ്രതയും മത്സ്യ മാർക്കറ്റിലെ തൊഴിലാളികളുടെ രക്ഷാപ്രവർത്തനവും മൂലം വൻ വിപത്ത് ഒഴിവായി. ബസിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.
