രേഖകളില്ലാത്ത 41.49 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ
പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 41.49 ലക്ഷം രൂപയുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. അളയക്കാട് ക്ഷേത്രം സമീപത്തുള്ള അബാസു ജ്ഞാനദേവ് പവാർ (53), ചരക്കാപറമ്പ് പാട്ടിൽ വീട് സഞ്ജയ് പാട്ടിൽ (48) എന്നിവരിൽ നിന്നാണ് പണം പിടി കൂടിയത്. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിലെ തണ്ണീർ പന്തലിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. മലപ്പുറം ജില്ലാ പെലീസ് മേധാവിയുടെ സ്ക്വാഡും, പെരിന്തൽമണ്ണ ട്രാഫിക് എസ്.ഐയും ചേർന്നാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 53-x-5761 നമ്പർ ഹുണ്ടായി ക്രെറ്റ കാറും കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളായ ഇരുവരും 35 വർഷമായി പെരിന്തൽമണ്ണയിൽ താമസിക്കുകയാണ്. പെരിന്തൽമണ്ണ-ഊട്ടി റോഡിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനം നടത്തുന്ന ഇവർ പഴയ സ്വർണം വാങ്ങി ലാഭത്തോടെ വിൽക്കുന്നതിനായി കോയമ്പത്തൂരിൽ പോയി സ്വർണം വിറ്റ് മടങ്ങുന്നതിനിടയാണ് പിടിയിലായത്.
