മണ്ണാരോഗ്യ ക്യാമ്പയിന്‍ 'മണ്ണറിവ് 2026' സംഘടിപ്പിച്ചു
ചിറ്റൂര്‍ ബ്ലോക്കിലെ കര്‍ഷകര്‍ക്കായി ജില്ലാ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാരോഗ്യ ക്യാമ്പയിന്‍ മണ്ണറിവ് 2026 സംഘടിപ്പിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി. ജൂലി ഉദ്ഘാടനം ചെയ്തു. 'മണ്ണ് പരിപാലനം കാര്‍ഷിക അഭിവൃദ്ധിക്കായി' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍, പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സോയില്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ പി.ടി. മുഹമ്മദ് ഷിബിന്‍ ക്ലാസുകള്‍ നയിച്ചു. നല്ല കൃഷിക്ക് നല്ല മണ്ണ്, ശാസ്ത്രീയ വിള പരിപാലനം, മണ്ണ് പരിശോധനയുടെ പ്രാധാന്യം, സാമ്പിള്‍ ശേഖരിക്കുന്ന രീതി എന്നിവയില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് കര്‍ഷകരുമായി സംവാദവും നടന്നു. കൃഷിയിടത്തിലെ മണ്ണിന്റെ ഫലഭൂയിഷ്ഠി മനസിലാക്കി സമീകൃത വളപ്രയോഗം നടത്താന്‍ സഹായിക്കുന്ന 'മണ്ണിനെ അറിയാം മൊബൈലിലൂടെ' (MAM) മൊബൈല്‍ ആപ്പ് കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. ചടങ്ങില്‍ കര്‍ഷകര്‍ കൊണ്ടുവന്ന മണ്ണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചു. പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ബീന അധ്യക്ഷയായി. ജില്ല മണ്ണ് സര്‍വ്വേ അസിസ്റ്റന്റ് സയറക്ടര്‍ ഡോ.തോമസ് അനിഷ് ജോണ്‍സന്‍ , ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കൃഷി എഡിഎ വി.വരുണ്‍, മറ്റു മെമ്പറുമാര്‍ എന്നിവര്‍ പങ്കെടുത്തു.
