logo
AD
AD

ടിപ്പുവിന്റെ രാമഗിരിക്കോട്ട സംരക്ഷണത്തിന് നടപടിയാവുന്നു

1755-1770 കാലഘട്ടത്തിൽ പടയോട്ടക്കാലത്ത് ടിപ്പുസുൽത്താൻ താവളമാക്കിയതെന്ന് കരുതുന്ന ഓങ്ങല്ലൂർ മരുതൂരിലെ രാമഗിരിക്കോട്ട സംരക്ഷിക്കാൻ നടപടിയാവുന്നു. ഇതിന്റെ ഭാഗമായി കോട്ടയുടെ അവശിഷ്ടങ്ങൾ അടങ്ങുന്ന പ്രദേശം പുരാവസ്തുവകുപ്പ് ഏറ്റെടുക്കാനുള്ള നടപടിക്ക്‌ തുടക്കമായി. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്നാണ് കോട്ട ഏറ്റെടുക്കാനുള്ള നടപടിക്ക്‌ തുടക്കമായിട്ടുള്ളത്.⁣ ⁣ ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ., മന്ത്രി അഹമ്മദ് ദേവർകോവിലിന് കത്ത് നൽകിയിരുന്നു. കോട്ട പുരാവസ്തുവകുപ്പ് ഏറ്റെടുക്കേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും പുരാവസ്തുവകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് ആതിര ആർ.പിള്ളയെ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം ആതിര ആർ.പിള്ള കോട്ട നിൽക്കുന്ന പ്രദേശത്തെത്തി പരിശോധന നടത്തി.⁣ ⁣ ജില്ലാപഞ്ചായത്തംഗം എ.എൻ. നീരജിന്റെ നേതൃത്വത്തിൽ നാട്ടുകാരും പ്രദേശവാസികളും കോട്ടയുടെ പ്രാധാന്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും അധികൃതരെ ബോധ്യപ്പെടുത്തി. അനുകൂലമായ റിപ്പോർട്ട് നൽകുമെന്ന് പുരാവസ്തുവകുപ്പധികൃതർ ഉറപ്പുനൽകിയതായി ജനപ്രതിനിധികൾ പറഞ്ഞു.⁣ ⁣ മരുതൂരിലെ രാമഗിരിക്കോട്ട ചരിത്രാന്വേഷികൾക്കും പഠിതാക്കൾക്കും ഏറെ പ്രയോജനപ്പെടും. കോട്ട നിർമിച്ചത് ടിപ്പുവല്ലെന്നും പിടിച്ചെടുത്ത് ഉപയോഗിക്കയായിരുന്നെന്നും പറയപ്പെടുന്നു. നിലവിൽ കുന്നിന് മുകളിൽ കോട്ടയുടെ അവശിഷ്ടങ്ങളുണ്ട്. ഓങ്ങല്ലൂർ പഞ്ചായത്തിലും തൊട്ടടുത്ത വല്ലപ്പുഴ പഞ്ചായത്തിലുമായി പരന്നു കിടക്കുന്ന കുന്നിൻമുകളിലാണ് കോട്ടയുള്ളത്.⁣ ⁣ സർക്കാർവനത്തിന് നടുവിലായാണ് കോട്ട. കാടും കുന്നും കയറി വേണം കോട്ടയിലെത്താൻ. കോട്ടപണിത കല്ലുകളും മറ്റുമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കോട്ടക്കുളവും കിണറും ഇവിടെയുണ്ട്. ഇവയൊക്കെ സംരക്ഷിച്ചാൽ വരുംതലമുറയ്‌ക്ക് ഉപകാരപ്രദമാവും. ട്രക്കിങ്, വാച്ച് ടവർ, ഉദ്യാനം തുടങ്ങിയവ ഒരുക്കിയാൽ വിനോദസഞ്ചാരത്തിനും സാധ്യതകൾ തുറന്നുകിട്ടും.

Latest News

latest News