പട്ടാമ്പിയില്‍ കാര്‍ഷിക വികസന സമിതി യോഗം ചേര്‍ന്നു
പട്ടാമ്പി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും കർഷകർക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനുമായി പട്ടാമ്പി നഗരസഭാ കാർഷിക വികസന സമിതി വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു. നഗരസഭാ ചെയർപേഴ്സൺ ടി.പി. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കർഷകർക്ക് ഗുണകരമാകുന്ന സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. പാടശേഖരങ്ങളിൽ കാട്ടുപന്നി ശല്യം മൂലം കൃഷിനാശം സംഭവിക്കുന്നത് തടയാൻ 50 ശതമാനം സബ്‌സിഡിയോടുകൂടി സോളാർ ഫെൻസിങ് സ്ഥാപിക്കാനാണ് പ്രധാന തീരുമാനം. ഇതിനുപുറമെ, കൃഷി നശിപ്പിക്കുന്ന പന്നികളെ നിയന്ത്രിക്കുന്നതിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. കൃഷിയിടങ്ങളിലേക്ക് സുഗമമായ ജലസേചനം ഉറപ്പാക്കുന്നതിനായി തോടുകൾ അടിയന്തരമായി നവീകരിക്കാനും യോഗം തീരുമാനിച്ചു. കർഷകർ ഏറെ ആവശ്യപ്പെട്ട എച്ച്.ഡി.പി.ഇ (HDPE) പോട്ടുകളുടെ വിതരണം ഉടൻ പൂർത്തിയാക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ അർഹരായ കർഷകർക്ക് പുതിയ പമ്പ് സെറ്റുകൾ വിതരണം ചെയ്യാനും തീരുമാനമായി. മൂന്നാം വിള ഇറക്കുന്ന കർഷകരെ സഹായിക്കുന്നതിനായി പച്ചിലവളം സൗജന്യമായി വിതരണം ചെയ്യും. കാർഷിക പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാഹുൽ ഹമീദ് പി. എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സൂര്യ എം.എസ്. പദ്ധതി വിശദീകരണം നടത്തി. എ.ഡി.സി (ADC) അംഗങ്ങളും മറ്റ് ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
