കോട്പാ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ്: പാലക്കാട് ജില്ലയിൽ 94,400 രൂപ പിഴ ഈടാക്കി
പാലക്കാട്: പുകയില നിയന്ത്രണ നിയമം (കോട്പാ - COTPA 2003) കർശനമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ നടത്തിയ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ 94,400 രൂപ പിഴ ഈടാക്കി. മെയ് 21 വൈകീട്ട് അഞ്ച് മണി വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. ജില്ലയിലാകെ 73 പ്രത്യേക ടീമുകളുടെ നേതൃത്വത്തിൽ 1,036 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പബ്ലിക് ഹെൽത്ത് ഓഫീസർമാരുടെ നേതൃത്വത്തിൽ എക്സൈസ്, പോലീസ്, നഗരസഭാ ഹെൽത്ത് വിങ് എന്നിവർ സംയുക്തമായാണ് പരിശോധനയ്ക്ക് ഇറങ്ങിയത്. കോട്പാ നിയമങ്ങളും പൊതുജനാരോഗ്യ മാനദണ്ഡങ്ങളും ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആവശ്യമായ തിരുത്തൽ നടപടികൾ ഉടനടി സ്വീകരിക്കാൻ നിർദേശങ്ങളും കടുത്ത മുന്നറിയിപ്പുകളും നൽകിയതായി അധികൃതർ വ്യക്തമാക്കി. പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപ്പനയും പരസ്യങ്ങളും തടയുന്നതിനായുള്ള ഈ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് രാത്രി വൈകിയും തുടരുമെന്നും, വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
