വനിതാ സംരംഭകരെ ശാക്തീകരിക്കാൻ ഐ.ഐ.എം. കോഴിക്കോടിന്റെ 'ഉയരെ' പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി
മലപ്പുറം ജില്ലയിലെ വനിതാ സംരംഭകർക്ക് താങ്ങാകാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIM-K) രൂപകൽപ്പന ചെയ്ത 'ഉയരെ' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. എ.ഡി.എം. സി.എസ്. രാജേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഐ.ഐ.എം. ഗവേഷകസംഘവും കുടുംബശ്രീ മിഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ സംരംഭകർക്കായി പ്രത്യേകം തയ്യാറാക്കിയ പ്രവർത്തന പുസ്തകവും ഹാൻഡ്‌ബുക്കും ഉൾപ്പെടുന്ന സമഗ്ര പരിശീലന കിറ്റിന്റെ പ്രകാശനവും നടന്നു.
നിലവിലുള്ള കുടുംബശ്രീ വനിതാ സംരംഭകരിൽ അടിസ്ഥാന ബിസിനസ് നൈപുണ്യങ്ങൾ ശക്തിപ്പെടുത്താനാണ് ഈ ഗവേഷണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം (2026) ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 40 ഗ്രാമപഞ്ചായത്തുകളിലായി ഏകദേശം 700 വനിതകൾക്ക് ഗ്രാമപഞ്ചായത്ത് തലത്തിൽ ബിസിനസ് പരിശീലനം നൽകും. ഇതിൽ മലപ്പുറം ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിന്നുള്ള ഇരുനൂറ്റമ്പതോളം വനിതാ സംരംഭകർ ഉൾപ്പെടുന്നുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ നേരിട്ട് നടത്തുന്നതിനാൽ കൂടുതൽ സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം എളുപ്പത്തിൽ ലഭ്യമാകും.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ഐ.ഐ.എം. കോഴിക്കോട്ടിലെ പ്രൊഫസർമാരായ ചിത്വൻ ലാൽജി, രുദ്ര സെൻശർമ്മ, അശോക് തോമസ്, ഡോക്ടറൽ സ്‌കോളർ ഗായത്രി എം.എസ്. എന്നിവരടങ്ങിയ ഗവേഷക സംഘമാണ് രൂപകൽപ്പന ചെയ്തത്. ഐ.ഐ.എം. കോഴിക്കോട് ലൈവ് വിഭാഗവും വ്യവസായ-വാണിജ്യ വകുപ്പും പ്രൊജക്ടിന് പിന്തുണ നൽകുന്നുണ്ട്. പദ്ധതിയിൽ പങ്കാളിയായ സംരംഭകത്വ വികസന സൊസൈറ്റിയിലെ ട്രെയിനർമാർക്ക് ഇതിനോടകം തന്നെ ഐ.ഐ.എം. പ്രത്യേക നൈപുണി വികസന പരിശീലനം നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടറാണ് പദ്ധതിയുടെ ജില്ലയിലെ ഇൻ-ചാർജ്. ജില്ലാ കുടുംബശ്രീ മിഷനും പദ്ധതിയുടെ സുഗമമായ ഏകോപനത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നുണ്ട്.
