logo
AD
AD

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. എടപ്പാൾ ടൗൺ, അണ്ണക്കമ്പാട്, മാണൂർ, ചേകനൂർ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു ശുചിത്വ പരിശോധന.

സ്ഥാപനങ്ങളുടെ ലൈസൻസ്, കുടിവെള്ള ശുചിത്വം, ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡ്, ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഹരിത കർമ്മസേന കാർഡ് എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച നാല് ഹോട്ടലുകൾക്ക് ആരോഗ്യ വകുപ്പ് നിർദേശ നോട്ടീസ് നൽകി.

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യു. രഞ്ജിത്ത് ലാൽ, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, കെ.എ. അനീഷ്, കെ.ജി. നിനു, റഹീം അലിയാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ. എം.എച്ച്. മുഹമ്മദ് ഫസൽ അറിയിച്ചു.

latest News