ഒന്നരവയസ്സുകാരന്റെ കരളിൽനിന്ന് 510 ഗ്രാം ഭാരമുള്ള മുഴനീക്കി
പെരിന്തൽമണ്ണ: എംഇഎസ് മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ വിജയം. ഒന്നരവയസ്സുള്ള ആൺകുഞ്ഞിന് അപൂർവമായ കരൾ ശസ്ത്രക്രിയ വിജയകരമായി നടത്തി എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രി ശ്രദ്ധേയ നേട്ടം കൈവരിച്ചു.
വയറ് അസാധാരണമായി വീർത്തുവരുന്നതുകാരണം ചികിത്സയ്ക്കെത്തിയ കുഞ്ഞിനെ വിശദമായി പരിശോധിച്ചപ്പോൾ കരളിന്റെ വലത് ഭാഗത്ത് വലുപ്പമുള്ള മൾട്ടിസിസ്റ്റിക് ക്യാപ്‌സുലേറ്റഡ് മുഴ കണ്ടെത്തി. തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ കുഞ്ഞിനെ ലാപറോട്ടമി ശസ്ത്രക്രിയക്ക് വിധേയനാക്കി. കരളിന്റെ വലത് ലോബിലെ 6, 7 സെഗ്മെന്റുകൾ ഉൾപ്പെടുന്ന 510 ഗ്രാം ഭാരമുള്ള മുഴ വിജയകരമായി നീക്കംചെയ്തു. കുഞ്ഞ് സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. കെ എസ് ഷിജു, ഓങ്കോ സർജൻ ഡോ. ജംഷീർ എന്നിവരും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അഞ്ജലിയും നഴ്‌സിങ് സംഘവും നേതൃത്വം നൽകി. മെഡിക്കൽ ടീമിന്റെ ഏകോപിത പ്രവർത്തനവും വിദഗ്ധതയും ഈ വിജയത്തിന് നിർണായകമായി.
