മുസ്‌ലിം ലീഗ് നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലം, ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ല: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ചില നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിൻ. ഏകസിവിൽ കോഡ്,വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തിയിട്ടുണ്ട്. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ യു.ഡി.എഫിൽ നിന്നും അടർത്തിയെടുക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് നലപാടുകളെ വിമർശിച്ച എം.വി ഗോവിന്ദൻ വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചു വരുന്ന എല്ലാവരെയും എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു. ആരുടെ മുന്നിലും ഇടതുമുന്നണി വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർഗീയതയ്‌ക്കെതിരായ മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള വലിയ ഒരുമൂവ്‌മെന്റ് ഇന്ത്യയിൽ രൂപപ്പെട്ട് വരണം. അതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ ശക്തിപ്പെടണം. വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ ശക്തികളെയും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്നുള്ളതാണ് ലക്ഷ്യം. മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുക എന്നുള്ള നിലപാട് സ്വീകരിച്ചിട്ടേയില്ല. പല വിഷയങ്ങളിലും ലീഗെടുത്തിട്ടുള്ള നിലപാട് കോൺഗ്രസിന് അനകൂലമല്ല. നിയമസഭ പാസ്സാക്കിയ ബില്ലിന് ഒപ്പിട്ട് കൊടുക്കരുതെന്ന് പോലും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ഗവർണർക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്''- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.