ഫ്രിഡ്ജില്‍നിന്ന് തീ പടർന്നു; ഗൃഹോപകരണങ്ങളും വയറിങ്ങുമടക്കം കത്തിനശിച്ചു
എടപ്പാള്‍: ഫ്രിഡ്ജില്‍നിന്ന് തീ പടര്‍ന്ന് പൊന്നാഴിക്കരയിലെ വീട്ടില്‍ തീപ്പിടിത്തം. വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങുമടക്കം കത്തിനശിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ കുടുംബാംഗങ്ങള്‍ ഉണര്‍ന്ന് പുറത്തേക്കോടിയതിനാല്‍ അപകടമില്ലാതെ രക്ഷപ്പെട്ടു. എടപ്പാള്‍ പഞ്ചായത്തിലെ പൊന്നാഴിക്കരയിലെ മാക്കോത്തയില്‍ അയ്യപ്പന്റെ വീട്ടിലാണ് അപകടംനടന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ശബ്ദവും പുകയും ചൂടുമനുഭവപ്പെട്ട് വീട്ടിലുണ്ടായിരുന്ന അയ്യപ്പന്റെ മകന്‍ ഷാജി, ഭാര്യ ജിഷ, മകള്‍ തൃഷ എന്നിവരുണര്‍ന്നപ്പോഴാണ് വീട്ടിനുള്ളില്‍ തീ ആളിക്കത്തുന്നത് കണ്ടത്. കൃഷിക്കാരനായിരുന്ന അയ്യപ്പന്‍ കിടപ്പിലായതിനാല്‍ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഫ്രിഡ്ജില്‍നിന്ന് തീ ആളിപ്പര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍, സ്റ്റൗ, ടി.വി, ഫാനുകള്‍, മറ്റുപകരണങ്ങള്‍, വീട്ടിലുപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍, വയറിങ് തുടങ്ങി എല്ലാം കത്തിനശിച്ചു. ചൂടുമൂലം വീടിന്റെ ചുമരുകള്‍ക്കു വിള്ളല്‍ വീണിട്ടുണ്ട്. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചും മറ്റുരീതിയിലുമാണ് തീയണച്ചത്. പുതുതായി ലഭിച്ച പാചകവാതക കണക്ഷന്റെ സിലിന്‍ഡര്‍ ചൂടായി ഇരുന്നത് നാട്ടുകാരെത്തി പുറത്തെത്തിച്ചു. അഗ്‌നിരക്ഷാസേന പൊന്നാനിയില്‍ നിന്നെത്തിയെങ്കിലും ചെറിയ വഴിയായതിനാല്‍ പ്രദേശത്തേക്കെത്താന്‍ ഏറെ പ്രയാസപ്പെട്ടു. പിന്നീട് കെ.എസ്.ഇ.ബി., അഗ്‌നിരക്ഷാസേന, വില്ലേജ് ഓഫീസര്‍, ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവരെല്ലാം സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. തുടര്‍നടപടികളെടുത്തു. വീട്ടുപകരണങ്ങളൊന്നുമില്ലാത്തതിനാലും വീട്ടില്‍ താമസിക്കാനാവാത്തതിനാലും കുടുംബത്തെ തത്കാലം മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം സി. രവീന്ദ്രന്റെ നേതൃത്വത്തില്‍ നടപടികളാരംഭിച്ചു.